---
title: "പ്രിയദർശിനി സൗജന്യ യാത്ര ഇന്ന് നൂറാം ദിവസത്തിലേക്ക് ; സാരിവിതരണമില്ല"
english_title: " Priyadarshini Free Travel Scheme Completes 100 Days KSRTC Denies Saree Distribution News"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383743/ priyadarshini-free-travel-100-days-ksrtc-denies-saree-distribution-fake-news"
published_at: "2026-09-22T08:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab1ebd518a18_priyadarshini-free-travel-100-days-ksrtc-denies-saree-distribution-fake-news.jpg"
keywords: ["Free Bus Travel Kerala", "Ksrtc", "Priyadarsini", "Transport Minister"]
---

# പ്രിയദർശിനി സൗജന്യ യാത്ര ഇന്ന് നൂറാം ദിവസത്തിലേക്ക് ; സാരിവിതരണമില്ല

> **Lead Summary:** സ്ത്രീകൾക്കു സൗജന്യ യാത്ര അനുവദിച്ച പ്രിയദർശിനി പദ്ധതി നൂറു ദിവസം പൂർത്തിയാക്കുന്ന ഇന്ന് കെഎസ്ആർടിസി സാരി വിതരണം നടത്തുന്നുവെന്ന വാർത്ത വ്യാജമാണെന്ന് കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ് പ്രമോജ് ശങ്കർ അറിയിച്ചു.

## Article Content

സ്ത്രീകൾക്കു സൗജന്യ യാത്ര അനുവദിച്ച പ്രിയദർശിനി പദ്ധതി നൂറു ദിവസം പൂർത്തിയാക്കുന്ന ഇന്ന് കെഎസ്ആർടിസി സാരി വിതരണം നടത്തുന്നുവെന്ന വാർത്ത വ്യാജമാണെന്ന് കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ് പ്രമോജ് ശങ്കർ അറിയിച്ചു.

എല്ലാ ജില്ലകളിലും ഡിപ്പോകൾ കേന്ദ്രീകരിച്ചു സാരി വിതരണം നടത്തുമെന്നും തമ്പാനൂരിൽ ഗതാഗത മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്യുമെന്നുമുള്ള വാർത്തയാണ് പുറത്തുവന്നത്. എന്നാൽ ആഘോഷപരിപാടി മാത്രം നടത്താനാണ് നിർദേശമെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്നും മന്ത്രിയും വ്യക്തമാക്കി.

ഇത്തരത്തിൽ വാർത്ത പ്രചരിച്ചതിൽ മന്ത്രി കെഎസ്ആർടിസി എംഡിയെ ഉൾപ്പെടെ കടുത്ത അതൃപ്തി അറിയിച്ചു. പദ്ധതിയുടെ ശോഭ കെടുത്താനുള്ള പ്രചാരണം ആരാണു നടത്തുന്നതെന്നു കണ്ടെത്തണമെന്നും മന്ത്രി നിർദേശിച്ചു.

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ പത്തിന് ഗതാഗത മന്ത്രി സി.പി. ജോൺ തമ്പാനൂർ ഡിപ്പോയിൽ സന്ദർശനം നടത്തും. തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ യാത്രക്കാർക്ക് മധുരം വിതരണം ചെയ്യും.

വൈകുന്നേരം 7.30ന് തമ്പാനൂർ ചൈത്രം ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഏറെ നാളായി യാത്രാപ്രേമികൾ കാത്തിരിക്കുന്ന കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസിന്റെയും ബജറ്റ് ടൂറിസം സെല്ലിനായി തയാറാക്കിയ പുതിയ സോഫ്റ്റ്‌വെയർ, വെയിറ്റിങ് ലിസ്റ്റ് സംവിധാനം എന്നിവയുടെയും ഔദ്യോഗിക ഉദ്ഘാടനം മന്ത്രി നിർവഹിക്കും.

പ്രിയദർശിനി’ സൗജന്യ ബസ് യാത്രാ പദ്ധതി സെപ്റ്റംബർ 22 നാണ് 100 ദിവസം പൂർത്തിയാക്കുന്നത്. ജൂൺ 15 മുതൽ സെപ്റ്റംബർ 19 വരെയുള്ള 97 ദിവസത്തെ കണക്കുകൾ പ്രകാരം 12.54 കോടി സൗജന്യ യാത്രകളാണ് പദ്ധതിയിലൂടെ നടന്നത്.

English Summary: KSRTC CMD Dr. P.S. Pramoj Shankar clarified that news about saree distribution on the 100th day of Priyadarshini free travel scheme for women is fake. Transport Minister C.P. John will visit Thampanoor depot on Tuesday for celebrations. The scheme completes 100 days on Sept 22, with 12.54 crore free trips recorded in 97 days worth Rs 266.53 crore.

ഇക്കാലയളവിൽ 266.53 കോടി രൂപയുടെ ടിക്കറ്റുകളാണ് യാത്രക്കാർക്ക് സൗജന്യമായി നൽകിയത്. പ്രതിദിനം ശരാശരി 12.93 ലക്ഷം പേരാണ് ഈ സേവനം ഉപയോഗപ്പെടുത്തുന്നത്.

പദ്ധതി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബർ ഏഴിനാണ്. 15 ലക്ഷത്തിലധികം ആളുകൾ (15,52,761) യാത്ര ചെയ്തപ്പോൾ ടിക്കറ്റ് മൂല്യം 3.29 കോടി രൂപയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383743/ priyadarshini-free-travel-100-days-ksrtc-denies-saree-distribution-fake-news)